Friday, August 1, 2008

വ്യഥ

നസ്സില്‍ കുറെ നൊമ്പരവും ഒപ്പം സന്തോഷവും അവശേഷിക്കുന്നു.കാലം ഒന്നുമറിയാത്തവനെപ്പോലെ കടന്നുപോയി.തിരുവാതിരയുടെ പാട്ട് കേള്‍ക്കുമ്പോഴും ചെറുമക്കളുടെ കൊയ്ത്ത് പാട്ട് കേള്‍ക്കുമ്പോഴും ഞാന്‍ ബോധവാനാകുന്നു.
ക്രൂരനായ കാലം!
ജീവിക്കാനറിയാത്തവനെ ചവിട്ടി മെതിച്ച് കടന്ന് പോകുന്നു.മനസ്സിന്റെ അഗാധതയില്‍ ഉണ്ടായിട്ടുള്ള മുറിവുകള്‍ മായ്ക്കുവാന്‍ കാലത്തിന് കഴിയുമോ?
പ്രശാന്തമായ ഗ്രാമാന്തരീക്ഷം!
അതില്‍ ഞാന്‍ ലയിച്ച് ചേര്‍ന്നെങ്കില്‍........
വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ നാട്ടുകാരുടെ കുശലാന്വേഷണങ്ങളില്‍ നിന്ന് മനപ്പൂര്‍വം അകന്ന് മാറി.
നാളെയുടെ നീണ്ട നാമ്പുകള്‍ തന്നില്‍ പ്രതീക്ഷകളുണര്‍ത്തുകയാണോ?
ആവോ, ആര്‍ക്കറിയാം?
വേനലില്‍ വിണ്ട് കീറിക്കിടക്കുന്ന പാടങ്ങള്‍ കടന്ന് പോവുമ്പോള്‍ മനസ്സില്‍ നിറയെ അസ്വസ്ഥതയായിരുന്നു.
നിരാശ......നഷ്ടബോധം...
ഓഫീസ്സില്‍ ചെല്ലുമ്പോള്‍ സഹപ്രവര്‍ത്തകരുടേയും അവിടെ വന്ന് കയറുന്നവരുടേയും സഹതാപം.
ഓഫീസ്സിനകത്തേക്ക് കയറുമ്പോള്‍ ശ്വാസം മുട്ടുന്ന പ്രതീതി.ഇടുങ്ങിയ മാറാല പിടിച്ച കുടുസ്സായ മുറി.
ആ മുറിക്കകത്ത് ഞെരുങ്ങിയിരിക്കുന്ന ഓഫീസ്സ് സാധനങ്ങള്‍.ഇടക്കിടയ്ക്ക് കരം കെട്ടാന്‍ വരുന്ന ആളുകളുടെ തിരക്ക്.
കോല്‍ക്കാരന്‍ കൃഷ്ണന്‍ കുട്ടിയുടെ ശബ്ദം “മരക്കാരിക്കാ അഞ്ച് ചായ.”
പാവം കൃഷ്ണന്‍ കുട്ടി.
ദു:ഖവും പേറി നടക്കുന്ന ചെറുപ്പക്കാരന്‍.
ഓര്‍ത്തപ്പോള്‍ സഹതാപം തോന്നി.
മൂകത...............................
ചുറ്റുമുള്ള ശ്മശാന നിശബ്ദത വേദന സൃഷ്ടിക്കുന്നു.
ഉള്ളില്‍ നുര കുത്തുന്ന വേദന.
ചുരത്തില്‍ നിന്നും പുതുമണ്ണിന്റെ മണമുള്ള കാറ്റ് ആഞ്ഞടിക്കുന്നു.
എനിക്ക് അസ്വസ്ഥത തോന്നി.എന്തേ ഈ അസ്വസ്ഥതക്ക് കാരണം?
ഞാന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയാണോ?എന്റെ പ്രീയപ്പെട്ട ഗ്രാമമേ,നിന്നിലെ തുടുത്ത സന്ധ്യകള്‍,
ഗ്രാമക്ഷേത്രത്തിലെ നിറദീപങ്ങള്‍,നിലാവുടുത്ത രാത്രികള്‍,നിറഞ്ഞ് കവിഞ്ഞ കായലും തോടും........
തിരക്കില്‍ സ്വസ്ഥമായി ചിന്തിക്കാന്‍ കിട്ടുന്ന ഏകാവസരമായ ഉറക്കം വൈകിയെത്തുന്ന രാത്രികളില്‍ ഞാന്‍ ഇവയെല്ലാം സ്വപ്നം കാണുന്നു.ഞാന്‍ ഞാനല്ലാതായിത്തീരുന്നു..................
ജീവിതം!
ഞാന്‍ എന്റെ ജീവിതം ഇവിടെ ആരംഭിക്കുന്നു.......
ഇവിടെ അവസാനിക്കുകയുമാ‍ണോ?
ഇതാണോ ജീവിതം.!
സ്ഥായിയായ ഭാവം എന്നില്‍ കുടി കൊള്ളുന്നു.
എനിക്ക് ഇവിടെ നിന്നും രക്ഷപ്പെടാനാവുമോ?
അതെ, എനിക്കെങ്കിലും.
ഞാന്‍ ആരാണ്?
ആയിരം നാവുകള്‍ തിരിഞ്ഞ് നിന്ന് എന്നോട് ചോദിക്കുന്നത് പോലെ.
നീ ആരാണ്?.......... നീ................
ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു..................
ആരാണ് എന്നില്‍ കുടി കൊള്ളുന്നത്?
അപ്പൂപ്പന്‍ കൂടെക്കൂടെ പറയാറുള്ളത് ഉള്ളില്‍ തേട്ടി.
“എന്റെ അച്ഛന്റെ ആത്മാവുണ്ടെടാ നിന്നില്‍.അച്ഛന്റെ അതെ സ്വഭാവം,പെരുമാറ്റം”.
ഞാന്‍ ചിന്തിച്ചു.!
അപ്പൂപ്പന്റെ അച്ഛനാണോ ഞാന്‍?
അതെ,അതെ....
അന്തരാത്മാവ് തന്നെ ഉത്തരം തരുന്നു.
ഞാന്‍ ആരാണ്?................
എനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഞാന്‍ അനന്തനാണ്.!!!
ആരുണ്ട് എന്നെ ജയിക്കാന്‍!
എനിക്ക് രക്ഷപ്പെടണം.
അനന്തതയിലേയ്ക്ക് പറന്നകലണം.
ഊഷരഭൂമികളിലൂടെയുള്ള പ്രയാണം.
അത് അസാധ്യമാണോ?
ആവോ, ആര്‍ക്കറിയാം.
മോഹനസങ്കല്പങ്ങളേ,എനിക്ക് വിട തരൂ..........
നാട്ടിന്‍പുറത്തെ അരണ്ട സന്ധ്യാവേളകളില്‍,
ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ശിവന്റെ അമ്പലത്തിനരുകില്‍,
ഒരു പിടി ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നു.
മധുരിക്കുന്ന ഓര്‍മ്മകള്‍.........
അല്പം ആശ്വസിച്ചോട്ടെ.
ഓര്‍മ്മകള്‍ എന്നെ വിടാതെ പിന്തുടരുന്നു.
പൂനിലാവെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന രാവുകള്‍.
പടര്‍ന്ന് പന്തലിച്ച അരയാല്‍. നിലാവിനെ വിഴുങ്ങുന്ന ഇരുട്ട്.
ആലിംഗനബദ്ധരായ നിമിഷങ്ങള്‍.........
ചിന്തിക്കുന്തോറും മനസ്സില്‍ അനുഭൂതിയുടെ ചെണ്ടമേളം.....
ഇക്കിളിക്കൊള്ളിച്ച നിമിഷങ്ങള്‍!!!
ശാലീനയാ‍യ പെണ്‍കുട്ടി, എന്നെ മറന്നേക്കു........
സുഖാനുഭൂതികള്‍ പകരുന്ന സ്മരണകള്‍ എന്നെ തേടിയെത്തുന്നു.
എന്റെ കുട്ടി.....
നിന്റെ സ്വപ്നങ്ങളില്‍ ഞാനലിഞ്ഞ് ചേരുന്ന നിമിഷം, രണ്ട് പൂക്കളുടെ സൌരഭ്യം ഒന്നാവുന്നപോലെ.
ഏതോ ഒരു സ്വകാര്യനിമിഷത്തില്‍ ഭൂതത്താന്‍ കാവിനടുത്ത് വച്ച് മാറത്ത് പറ്റിച്ചേര്‍ന്ന് കൊണ്ട് നീ എന്നോട് ചോദിച്ചു. “ചേട്ടന്‍ എന്നെ മറക്കുമോ?” “ഇല്ല കുട്ടി, ഒരിക്കലും നിന്നെ മറക്കില്ല.
എന്നില്‍ പ്രതീക്ഷകളുടെ നാമ്പുണര്‍ത്തിയ നിന്നെ ജീവിതാവസാനം വരെ ഓര്‍മ്മിക്കും”.
ചില സന്ധ്യകളില്‍ കായല്‍ത്തീരത്തീലൂടെ ഋഷിഭൌമനെപ്പോലെ അലഞ്ഞുതിരിഞ്ഞു.
അങ്ങകലെ.....
നീലനിറത്തില്‍ മൂക്കുന്നിമലകളുടെ മിന്നലാട്ടം.....
അങ്ങകലെ വെണ്മേഘങ്ങള്‍ മലശിഖരങ്ങളെ ഉമ്മ വച്ചകലുന്നു.
ഞാനൊരു യക്ഷനായി. അളകാപുരിയിലെ യക്ഷന്‍......
പ്രീയപ്പെട്ട കുട്ടീ. നിന്റെ പ്രതീക്ഷകളെനിക്ക് അജ്ഞാതമല്ലായിരുന്നു.
നാളത്തെ പ്രതീക്ഷകളെന്നെ പൂത്തിരികത്തിച്ച് ക്ഷണിക്കുകയായിരുന്നു.
നിന്റെ നക്ഷത്രം വിരിയുന്ന കണ്ണുകളെ, നിന്നിലെ ഹൃദയത്തെ, നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു.

അനന്തതയിലേക്ക്.....
ഒരു ചൈത്രപഞ്ചമിയില്‍....
കുളിച്ചീറനണിഞ്ഞ് പൂ ചൂടി മനോഹരിയായി ഒരു മാലാഖയെപ്പോലെ അവള്‍ വന്നു.
നീലാകാശത്തിലെ താരകളെ സാക്ഷി നിര്‍ത്തി വിങ്ങി വിങ്ങി നീ പറഞ്ഞു.
“ഞാന്‍ ചേട്ടനെ മാത്രമേ വിവാഹം കഴിക്കൂ.”
“കുട്ടീ ഞാനിന്ന് കടല്‍ക്ഷോഭത്തില്‍പ്പെട്ട് മുങ്ങാന്‍ പോവുന്ന തോണിയെപ്പോലെ നിസഹായനാണ്.”
എനിക്ക് രക്ഷപ്പെടണം..........അങ്ങകലെ ആകാശഗംഗയ്കുമപ്പുറത്ത്.....
ഒരു നേര്‍ത്ത ബിന്ദുവാകണം...........!!!


കുറിപ്പ്: ഈ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ്.




7 comments:

  1. അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ വ്യഥ കൊണ്ടു നടക്കുകയാണോ? ബ്ലോഗിലോട്ട് വന്നതുകൊണ്ട് ഞങ്ങള്‍ക്കും കൂടി അറിയാന്‍ പറ്റി. എഴുത്ത് തുടരു. ആശംസകള്‍.

    ReplyDelete
  2. ഭാവന ചിറകടിച്ചു പറന്നിരിക്കുന്നു. “എന്നെ” കണ്ടെത്താൻ കണ്ണടച്ചു അകത്തേക്കു പോവുക.
    ആശംശകൾ

    ReplyDelete
  3. കഥ നന്നായിരിക്കുന്നു. വ്യഥ ഇപ്പോഴും മനസ്സിലുണ്ടോ ?

    ReplyDelete
  4. നല്ല കഥ.....വായിച്ചതിലും സന്തോഷം

    ReplyDelete
  5. "ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ശിവന്റെ അമ്പലത്തിനരുകില്‍,
    ഒരു പിടി ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നു.
    മധുരിക്കുന്ന ഓര്‍മ്മകള്‍........."
    ഓര്‍‌മകള്‍ ഉണ്ടായിരിക്കണം
    വ്യഥയാണെങ്കില്‍ പോലും ....
    വായ്യിക്കാന്‍ സുഖമുള്ള എഴുത്ത്

    ReplyDelete
  6. നല്ല കഥ. ഇനിയും വരും..

    ReplyDelete